ഇരിട്ടി (കണ്ണൂർ): കുരങ്ങുകൾ ഇരിട്ടി നഗരത്തിലും വിലസുകയാണ്. പട്ടാപ്പകൽ ബാഗ്കടയിൽ കുരങ്ങൻ കയറി. ബാഗുകൾ വലിച്ചെറി ഞ്ഞു. പഴയ ബസ് സ്റ്റാൻഡി ലെ ബാഗ് വേൾഡിലാണ് കഴിഞ്ഞ ദിവസം പകൽ സമയത്ത് കുരങ്ങൻ പാഞ്ഞു കയറിയത്.മുകൾ റാക്കിലെ ഒഴിവുള്ള സ്‌ഥലത്ത് സ്ഥാനം പിടിച്ച കുരങ്ങൻ അടുക്കി വച്ച ബാഗുകൾ വലിച്ചുതാഴെയിട്ടു നശിപ്പിച്ചു.ഇത് ഒരു തുടർകഥയാകുന്നതിനാണ് സാധ്യത. വനം വകുപ്പിന് കുരങ്ങിനെ പിടിക്കാൻ കഴിവില്ലെന്ന് വ്യക്തമാക്കി കണ്ണൂർ ഡിഎഫ്ഒ കഴിഞ്ഞ ദിവസമാണ് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റിന് കത്ത് നൽകിയത്. ഇരിട്ടിയടക്കമുള്ള ടൗണുകളിൽ കുരങ്ങ് ശല്യം തുടങ്ങിയ ഈ സാഹചര്യത്തിൽ ഡിഎഫ്ഒയുടെ കത്ത് ചർച്ച ചെയ്യപ്പെടേണ്ടതാണ്.
നാട്ടിലിറങ്ങുന്ന കാട്ടാനയേയും കാട്ടുപന്നിയേയും നിയന്ത്രിക്കാൻ കഴിയുമെങ്കിലും കുരങ്ങൻമാരേ നിയന്ത്രിക്കാൻ പ്രയാസമാണെന്നും കുരങ്ങനെ ഒഴിവാക്കാൻ കൃഷിയിടങ്ങളിലെ കാട് വെട്ടി മാറ്റുന്നതിന് പഞ്ചായത്തുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കണ്ണൂർ ഡിഎഫ്‌ഒ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. കൃഷിയിടത്തിലെ കാട് വെട്ടിയാൽ കുരങ്ങ് പോകുമെന്ന് കണ്ടെത്തലിൽ വനം വകുപ്പ് വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറി രക്ഷപ്പെടുവാനുമുള്ള ശ്രമത്തിലാണ്. കൃഷിയിടങ്ങളിൽ കുരങ്ങ് ശല്യം വർധിച്ച സാഹചര്യത്തിൽ അവയെ പിടികൂടി പ്രദേശത്ത് നിന്ന് ഒഴിവാക്കാനും അല്ലാത്ത പക്ഷം തുരത്താനും നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പൂടാകം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ റിപ്പോർട്ട് തയാറാക്കുന്നതിൻ്റെ ഭാഗമായാണ് കണ്ണൂർ ഡിഎഫ്‌ഒ എസ് വൈശാഖ് ഇത്തരം വിശദീകരണം നൽകിയത്. കൊട്ടിയൂർ പഞ്ചായത്തിലെ ആകെയുള്ള 14 വാർഡുകളും വനാതിർത്തി പങ്കിടുന്നവയാണ്. കണ്ണൂർ ഡിവിഷനിലെ വനഭാഗങ്ങളും കൊട്ടിയൂർ വന്യജീവി സങ്കേത അതിർത്തിയും ഇതിൽ ഉൾപ്പെടുന്നു. കാട്ടാന കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ശല്യം വനം വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതാണ്. ഇവയെ പ്രതിരോധിക്കുന്നതിനായി കൊട്ടിയൂർ പഞ്ചായത്തിലെ വിവിധ സ്‌ഥലങ്ങളിൽ വനാതിർത്തിയിൽ പഞ്ചായത്തു ഫണ്ട് ഉപയോഗിച്ച് വനം വകുപ്പ് സോളാർ തൂക്കു വേലികൾ സ്‌ഥാപിക്കുന്ന ജോലി അവസാന ഘട്ടത്തിലാണ്. 6.25 കിലോമീറ്റർ കൂടി തൂക്കുവേലി സ്‌ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിലൂടെ വന്യജീവി ശല്യം കുറയ്ക്കാൻ സാധിക്കുമെന്നാണ് വനം വകുപ്പ് അവകാശപ്പെടുന്നത്. വനാതിർത്തിയോട് ചേർന്ന് വരുന്ന പ്രദേശങ്ങളിലായിരുന്നു ആദ്യം കുരങ്ങുകൾ കൂടുതലായി കാണപ്പെട്ടിരുന്നത്. വനത്തിന് പുറത്ത് ആൾപ്പെരുമാറ്റവും പരിപാലനവും ഇല്ലാതെ കാട് മൂടി കിടക്കുന്ന പ്രദേശങ്ങളിൽ കുരങ്ങുകൾ തമ്പടിച്ച് വംശ വർധന നടത്തി സമീപ പ്രദേശങ്ങളിലേക്ക് എത്തിച്ചേരുന്ന സ്‌ഥിതിയാണ് ഇപ്പോൾ ഉള്ളതെന്നും വനം വകുപ്പ് അവകാശപ്പെടുന്നു. വനത്തിൽ നിന്നും അകലെയുള്ള പട്ടണ പ്രദേശങ്ങളിൽ പോലും എത്തി കുരങ്ങുകൾ കാർഷിക വിളകൾക്കും വീടിനും വീട്ടുപകരണങ്ങൾക്കും നാശം സൃഷ്ടിക്കുന്നതായ പരാതികൾ വ്യാപകമാണ്. നിലവിലുള്ള പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇവയെ തുരത്തുന്നതും പ്രതിരോധിക്കുന്നതും അതീവ ശ്രമകരമാണ് എന്നാണ് വനം വകുപ്പ് ഇപ്പോൾ പറയുന്നത്. വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ 1 ൽ പെടുന്ന കുരങ്ങുകളെ കൂട് വെച്ച് പിടി കൂടുന്നതിനോ മാറ്റി പാർപ്പിക്കുന്നതിനോ ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ അനുമതി ആവശ്യമാണ് ഇവയെ കൂട് വച്ച് പിടിച്ച് മാറ്റി പാർപ്പിക്കുന്നത് പ്രായോഗികമല്ല. പിടികൂടുന്ന കുരങ്ങുകളെ ഉൾ വനത്തിൽ തുറന്നുവിട്ടാലും താമസിയാതെ അവ അടുത്തുള്ള ജനവാസമേഖലയിൽ തന്നെ എത്തിച്ചേരുന്നതും കൂടാതെ പിടികൂടിയ സ്‌ഥലത്ത് മറ്റൊരു കൂട്ടം എത്തിച്ചേരാനുള്ള സാധ്യതയും ഉണ്ട്. പരിപാലനം ഇല്ലാതെ കാട് മൂടി കിടക്കുന്ന സ്വകാര്യ സ്‌ഥലങ്ങൾ തെളിച്ച് വൃത്തിയാക്കിയാൽ കുരങ്ങുകൾ പോലുള്ള വന്യമൃഗങ്ങളുടെ ശല്യം കുറയ്ക്കുവാൻ കഴിയും ഇതിനുള്ള നടപടി സ്വീകരിക്കുന്നതിന് കണ്ണൂർ ഡിവിഷൻ പരിധിയിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക്ക് കത്ത് നൽകിയിട്ടുണ്ട് എന്നുമാണ് കണ്ണൂർ ഡിഎഫ്‌ഒ നൽകുന്ന വിശദീകരണം.
എന്നാൽ, കൃഷിയിടത്തിലെ കുരങ്ങുകളെ നിയന്ത്രിക്കാൻ വനം വകുപ്പിന് സാധിക്കുന്നില്ല എന്ന വനം വകുപ്പിൻ്റെ വിശദീകരണം കാർഷിക മേഖലയോടുള്ള വെല്ലുവിളിയാണ് ഷെഡ്യൂളുകളിൽ പെടുത്തി വന്യജീവികളെ സംരക്ഷിക്കാൻ കർഷകർക്ക് സാധിക്കില്ല. വനം വകുപ്പിന് പരിഹാരം കാണാൻ കഴിയാത്തത് കർഷകരുടെ കുറ്റമല്ല. കർഷകർ വന്യജീവികളെ പ്രതിരോധിക്കാൻ തീരുമാനിച്ചാൽ പഞ്ചായത്ത് കർഷകർക്കൊപ്പം നിൽക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം പ്രസ്താവിച്ചു.
We can't catch a monkey, you hear...! Our own forest department says